ആരാണ് തോല്‍ക്കുന്നത്
വികസനം വഴിമുട്ടി അക്കരെ നിന്നപ്പോഴും പള്ളിപ്പാട്ടുകാര്‍ ഇപ്പോഴും പാഠം പഠിച്ചില്ലെന്ന് പള്ളിപ്പാട്ടെ റോഡുകളിലൂടെ അബദ്ധത്തില്‍ യാത്രചെയ്യേണ്ടതായി വന്ന അയല്‍ വാസികളായ പഞ്ചായത്തുകാര്‍ പറഞ്ഞു പരത്തുന്നു. ഇത്രയും നാള്‍ ഗ്രാമത്തെ ഭരിച്ചുമുടിച്ചു കുട്ടിച്ചോറാക്കിയവരേത്തന്നെ ഇപ്പോഴും വന്‍ ഭൂരിപക്ഷത്തില്‍ ഭരണം ഏല്‍പ്പിച്ചുകൊടുത്ത് പ്രതികരണശേഷിക്ക് ഉദാത്ത മാതൃത സൃഷ്ടിക്കാന്‍ പള്ളിപ്പാട്ടുകാര്‍ക്കായത് വലിയൊരുകാര്യമായി പള്ളിപ്പാട്ടുകാര്‍ നാടായനാടെല്ലാം പറഞ്ഞ് തൊണ്ട വറ്റാറായി. ക്ഷമാശക്തിക്ക് അവാര്‍ഡുണ്ടെങ്കില്‍ അത് പള്ളിപ്പാട്ടുകാര്‍ക്ക് കൊടുക്കണമെന്ന് ശുപാര്‍ശചെയ്യാന്‍ തൊട്ടടുത്തുള്ള പഞ്ചായത്തുകാര്‍വരെ തയ്യാറായിട്ടുണ്ട്. അഴിമതി തന്നെ ജീവിതം,അഴിമതികാണിക്കാതെ ഞാനെങ്ങനെ ജീവിക്കുമെന്നു ചിന്തിക്കുന്ന നേതാക്കള്‍ മുതല്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റോ അതുമല്ലെങ്കില്‍ മെമ്പറെങ്കിലുമാകണമെന്നു മോഹിക്കുന്ന ശുദ്ധാത്മക്കളും വിരലുകളില്‍ പഞ്ചായത്തെന്ന ശര്‍ക്കരകുടത്തില്‍ കൈയ്യിട്ടപ്പോള്‍ പറ്റിയ ശര്‍ക്കരയുടെ അംശം വീണ്ടുംനക്കി ഇനിയും കൈയ്യില്‍ ഇതുപോലെ ശര്‍ക്കര പറ്റണമെന്നു ആഗ്രഹിക്കുന്നവരും പഞ്ചായത്ത് ഭരണത്തില്‍ കയറിപ്പറ്റിയത് പള്ളിപ്പാട്ടുകാരുടെ ഹൃദയവിശാലതയല്ലാതെ മറ്റെന്താണ്? മുമ്പ് ശക്തമായ പ്രതികരണശേഷിയോടെ പ്രതിപക്ഷത്തിരിക്കാന്‍പോയ കുറേപ്പേര്‍ പടക്കം നനഞ്ഞ് കുതിര്‍ന്ന് പൊട്ടാതായതുപോലെയായി പടിയിറങ്ങി നാട്ടാരുടെ മുന്നില്‍ ഉത്തരമില്ലാതെ വട്ടം കറങ്ങുകയും ഇലക്ഷന് വോട്ടുചെയ്യാന്‍പോലും തലയില്‍ മുണ്ടിട്ട് പോകേണ്ട ഗതികേടിലുമായി. അവസാനം അഴിമതിയെന്ന് പഞ്ചായത്ത് പടിക്കല്‍ അലറിക്കരഞ്ഞെങ്കിലും ഈ അഴിമതിവിരുദ്ധരെ നാട്ടുകാര്‍ക്ക് തീരെ പിടിച്ചില്ല. അതുകൊണ്ട് ഉണ്ടായിരുന്ന സീറ്റ് മറ്റുള്ളവര്‍ അടിച്ചോണ്ടും പോയി. ലാഭ നഷ്ടക്കണക്കെടുക്കുമ്പോള്‍ പഴയമെമ്പര്‍മാരൊക്കെ ലാഭക്കണക്കുമാത്രമെ പറയാറുള്ളുവെന്ന് നാട്ടാരുടെ ഭാഷ്യം. അഴിമതിയുടെ തലതൊട്ടപ്പന്മാര്‍ ഇപ്പോഴും കയറിപ്പറ്റിയിട്ടുണ്ട്. വീതംവെയ്പിന്റെ കാര്യത്തില്‍ നീതിബോധം ഏറെ പ്രകടിപ്പിക്കുന്നവര്‍. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം പങ്കിടുന്നവരും ഇല്ലാതില്ല. അഴിമതിസ്ക്കൂളില്‍ അഞ്ച് വര്‍ഷം പഠിച്ച് മിടുക്കന്മാരും മിടുക്കികളുമായി അടുത്ത ഇലക്ഷന് പുറത്തുവരും. അക്കൂട്ടത്തില്‍ ചില മണ്ടന്മാരും ഉണ്ടാകും. അവര്‍ അഴിമതിപ്പരീക്ഷയില്‍ തോറ്റുപോകും. അവര്‍ ആരൊക്കെയാകും? നമുക്ക് കാത്തിരുന്നു കാണാം.