മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം എങ്ങനെ കിട്ടും?

ടെലികോം ആശയവിനിമയ രംഗത്തെ രണ്ടാം തലമുറയില്‍പ്പെട്ട (2ജി) മൊബൈല്‍ ഫോണ്‍ വിപ്ലവത്തില്‍ പുതിയ നാഴികക്കല്ലായി കേരളം ഉള്‍പ്പെടെയുള്ള 21 ടെലികോം സര്‍ക്കിളുകളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി) സംവിധാനം  നിലവില്‍വരും. നിലവിലുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെതന്നെ സേവനദാതാവിനെ മാറാനുളള സൗകര്യമാണ്‌ ഇതോടെ ഉപയോക്‌താവിനു സ്വന്തമാകുന്നത്‌.
 പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ട്‌ പുതിയ സേവനദാതാവിനെ സ്വീകരിക്കുന്നതിന്‌ പോര്‍ട്ടിംഗ്‌ എന്നുപറയും. പോര്‍ട്ടിംഗ്‌ ചെയ്യണമെങ്കില്‍ നിലവിലുളള സേവനദാതാവില്‍നിന്ന്‌ യുണീക്‌ പോര്‍ട്ടിംഗ്‌ കോഡ്‌ (യു.പി.സി) നേടണം. പോര്‍ട്ട്‌ എന്ന്‌ ടൈപ്പ്‌ ചെയ്‌ത് അതിനു ശേഷം ഒരക്ഷരത്തിനുള്ള സ്‌ഥലം വിട്ട്‌ (സ്‌പെയ്‌സ് നല്‍കി) നിലവിലുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ്‌ ചെയ്‌ത് 1900 എന്ന നമ്പറിലേക്ക്‌ എസ്‌.എം.എസ്‌. ചെയ്‌താല്‍ നിമിഷങ്ങള്‍ക്കകം 1901 എന്ന നമ്പറില്‍നിന്നു മറുപടി എസ്‌.എം.എസായി യു.പി.സി. ലഭിക്കും. യു.പി.സിയും തിരിച്ചറിയല്‍ രേഖകളും പുതിയ കണക്ഷന്‌ ആവശ്യമായ മറ്റു രേഖകളുമായി പോര്‍ട്ടിംഗ്‌ സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ദിവസങ്ങള്‍ക്കകം സേവനദാതാവിനെ മാറാന്‍ കഴിയും. പരമാവധി 19 രൂപയാണു പോര്‍ട്ടിംഗ്‌ ചാര്‍ജ്‌.

പോര്‍ട്ടിംഗ്‌ പൂര്‍ത്തീകരിക്കുംവരെ പഴയ കണക്ഷന്‍ ഉപയോഗിക്കാം. പോര്‍ട്ടിംഗ്‌ പൂര്‍ത്തിയാക്കുന്ന തീയതിയും സമയവും എസ്‌.എം.എസിലൂടെ അറിയിക്കും. പോര്‍ട്ടിംഗ്‌ നടപടിയുടെ അവസാനഘട്ടത്തില്‍ രണ്ടു മണിക്കൂറുകള്‍ നോ സര്‍വീസ്‌ പീരീഡാണ്‌. ഈ സമയത്ത്‌ മൊബൈല്‍ സേവനം ലഭ്യമാകില്ല. അര്‍ധരാത്രിക്കും പുലര്‍ച്ചെ അഞ്ചിനുമിടയിലായിരിക്കും നോ സര്‍വീസ്‌ പീരിഡ്‌ എന്നതിനാല്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല. അതിനുശേഷം പുതിയ സിംകാര്‍ഡ്‌ ഉപയോഗിക്കാം. ഇതോടെ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട്‌ പുതിയ ടെലികോം കമ്പനിയുടെ സേവനം ലഭിച്ചുതുടങ്ങും.

വ്യവസ്‌ഥകള്‍

1. അപേക്ഷ നല്‍കി നാലു ദിവസത്തിനകം പോര്‍ട്ടിംഗ്‌ നടക്കും.

2. ഒരു ടെലികോം സര്‍ക്കിളിനുള്ളില്‍ മാത്രമേ പോര്‍ട്ടിംഗ്‌ നടത്താന്‍ കഴിയൂ.

3. ഒരു തവണ പോര്‍ട്ടിംഗ്‌ നടത്തിയാല്‍ അടുത്തത്‌ 90 ദിവസം കഴിഞ്ഞുമാത്രം. (ആദ്യ പോര്‍ട്ടിംഗാണെങ്കില്‍ കണക്ഷന്‍ പ്രവര്‍ത്തനക്ഷമമായി 90 ദിവസം കഴിയണം)

4. പ്രീപെയ്‌ഡ് കണക്ഷനില്‍ പോര്‍ട്ടിംഗ്‌ സമയത്തുള്ള ബാലന്‍സ്‌ ടോക്‌ടൈം നഷ്‌ടമാകും.

5. പോസ്‌റ്റ് പെയ്‌ഡ് കണക്ഷനില്‍ ബില്‍ കുടിശിക ഉണ്ടെങ്കില്‍ പോര്‍ട്ടിംഗ്‌ അനുവദിക്കില്ല. (നിലവിലുള്ള സേവനദാതാവിന്റെ ക്ലിയറന്‍സ്‌ കിട്ടിയാല്‍ മാത്രമേ പോര്‍ട്ടിംഗ്‌ നടക്കൂ)

6 . പോര്‍ട്ടിംഗ്‌ ചാര്‍ജ്‌ 19 രൂപയില്‍ കൂടാന്‍ പാടില്ല